Report about the aftermath of the exposure of the Mumbai Jesus miracle in Malayalam language, in Webdunia (Malayalam)
മുംബൈ വിലെ പാര്‍ലെയിലെ വേളാങ്കണ്ണി മാതാവിന്റെ പള്ളിയിലുള്ള ക്രിസ്തു രൂപത്തിന്റെ കാലുകളില്‍ നിന്ന് വെള്ളമൊലിക്കുന്നുവെന്ന ദിവ്യാത്ഭുതം പൊളിച്ചുകൊടുത്ത യുക്തിവാദി സംഘം നേതാവ് സനല്‍ ഇടമറുകിനെ ‘മതനിന്ദ’ കേസുകള്‍ ചുമത്തി അറസ്റ്റുചെയ്തേക്കും എന്ന് സൂചന. മൂന്നോളം കേസുകളാണ് സനലിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏത് നിമിഷവും സനല്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.
വിലെ പാര്‍ലെ പള്ളി വന്‍ തീര്‍ത്ഥാടന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് ടിവി 9 ചാനല്‍ ഒരു അന്വേഷണാത്മക പരിപാടിയുമായി എത്തുകയും സനല്‍ സംഭവ സ്ഥലത്ത് എത്തിയ സനല്‍ ഇടമറുക് ക്രൂശിത രൂപത്തിന്റെ പരിസരത്തുള്ള ഒരു അഴുക്കുചാല്‍ കണ്ടെത്തുകയും ചെയ്തു. ഈ അഴുക്കു ചാലിലെ വെള്ളം “കാപ്പില്ലറി ബല”ത്താല്‍ ക്രൂശിതരൂപത്തിന്റെ കാലില്‍ എത്തുകയും ഇറ്റിറ്റായി ഒഴുകുകയും ചെയ്യുന്നത് ചാനല്‍ പ്രക്ഷേപണം ചെയ്തതോടെ വിശ്വാസികള്‍ സനലിനെതിരെ തിരിയുകയായിരുന്നു.
ദിവ്യാത്ഭുതത്തെ പറ്റി കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിന് ചാനല്‍ ഒരുക്കിയ പരിപാടിയില്‍ പള്ളി വികാരി ഫാദര്‍ അഗസ്റ്റിന്‍ പാലേട്ട്, വിവിധ ക്രിസ്ത്യന്‍ സംഘടകനളുടെ പ്രതിനിധികള്‍ എന്നിവരും സനലും സന്നിഹിതരായിരുന്നു. ചര്‍ച്ചയിലും സനല്‍ ദിവ്യാത്ഭുതം പൊളിച്ചടുക്കി. ചര്‍ച്ചയ്ക്കിടയില്‍ ഫോണ്‍ വഴി മുംബൈ രൂപതയുടെ ഓക്സിലറി ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസും പങ്കെടുക്കുകയും ക്രിസ്ത്യന്‍ സഭ ശാസ്ത്രത്തിന് എതിരല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ചര്‍ച്ചയില്‍ സനല്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ മതനിന്ദയാണെന്നും സനല്‍ മാപ്പ് പറയണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പള്ളി വികാരിയും കൂട്ടരും ആവശ്യപ്പെട്ടതോടെ ചര്‍ച്ച ചൂടുപിടിച്ചു. സനലാകട്ടെ, മാപ്പുപറയാന്‍ തയ്യാറായതുമില്ല. സനലിനെതിരെ മതനിന്ദയ്ക്ക് കേസ് കൊടുക്കുമെന്ന് ചാനല്‍ ചര്‍ച്ചയ്ക്കിടെ ക്രിസ്ത്യന്‍ സംഘടനാംഗങ്ങള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ പീനല്‍ കോഡിന്റെ ഇരുനൂറ്റി തൊണ്ണൂറ്റിയഞ്ചാം വകുപ്പ് പ്രകാരം സനലിനെതിരെ മൂന്ന് പരാതികള്‍ ഇതിനകം തന്നെ കൊടുത്തുകഴിഞ്ഞു എന്നാണ് ഇപ്പോള്‍ അറിയുന്നത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചിട്ടുള്ള സനലിനെതിരെയുള്ള കേസുകള്‍ക്കെതിരെ പൊതുജനങ്ങള്‍ പ്രതികരിക്കണമെന്ന് ഇന്ത്യന്‍ യുക്തിവാദി സംഘടന അപേക്ഷിച്ചിട്ടുണ്ട്. സനലിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്താല്‍ ‘ദിവ്യാത്ഭുതം’ അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചേക്കും.
No comments:
Post a Comment